Tuesday, October 30, 2007

കോവൂര്‍ മുതല്‍.......

ഒന്നു നടക്കണമെന്നെനിക്കു തോന്നി
പെട്ടെന്നുതന്നെ അതങ്ങു തുടങ്ങി
വലിയ നിരത്ത്
മഴപെയ്തൊഴിഞ്ഞിടത്ത് തെന്നിതെന്നി നീങ്ങുന്ന
വലിയ വാഹനങ്ങള്‍
മൂന്നുപേര്‍ കയറിയ ഇരുചക്രവാഹനങ്ങള്‍
നടപ്പാത മരിച്ചുപോയ വലിയ റോഡ്
വലതുവശം ചേര്‍ന്നു നടക്കുന്ന വ്രുദ്ധന്‍
അപ്രതീക്ഷിതമായ് കിട്ടിയ വ്രുദ്ധന്റെ പുഞ്ചിരി
കുട്ടികളുടേതുപോലെ ഹ്രുദ്യമായ ചിരി!
വഴിവക്കിലെ ചെളിവെള്ളവും ചീറിപ്പാഞ്ഞുവരുന്ന
വാഹനങ്ങളും കൊടുത്ത അങ്കലാപ്പ്.
ആരുടെയോ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന്
മുടിയൊതുക്കുന്ന തമിഴത്തിപ്പെണ്ണ്.
വറുത്തുകോരുന്ന കായയുടെ ഗന്ധത്തോടൊപ്പം
കയറിവരുന്ന ഫിഷ് മാര്‍ക്കറ്റിലെ മണം
തിരക്കിട്ടു കുതിച്ചുപായുന്ന വണ്ടികള്‍
സമനില തെറ്റിയ പാവം സ്ത്രീയുടെ ശാപവാക്കുകള്‍
ചുമലിലെ ഭാരം
കൈയിലെ കടലാസുപൊതിയില്‍ വാഗ്ദാനങ്ങള്‍
കുണ്ടനിടവഴിയിലേക്ക് ഞാന്നുകിടക്കുന്ന
ഇത്തിള്‍ക്കണ്ണിയുടെ വേരുകള്‍
പിന്നെ...
വ്രുക്ഷത്തലപ്പില്‍നിന്നും നെറുകയിലേക്കിറ്റുവീണ
ഒരു തുള്ളി വെള്ളം!
ഈ പുനര്‍ജ്ജനിയിലെ പുണ്യസ്നാനം!
ഒരു സായന്തനത്തിന്റെ കിതപ്പ്!

Tuesday, October 23, 2007

ആസ്വാദനം

'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍'
-ആദ്യവായന എനിക്ക് ചരസ്സിന്റെ ഗന്ധം തന്നു
-അതിനോടാഗ്രഹം
-ചരസ്സിനാല്‍ പൊലിഞ്ഞൊരു വിദേശജീവനൊരു പ്രേമകാവ്യം.
ഒരുപാടുകാലങ്ങള്‍ക്കപ്പുറം പുനര്‍വായന തന്നതൊരു ശൂന്യത.


ഇന്നലെ...
സുഭാഷ് ചന്ദ്രന്റെ കഥകളിലേക്കിറങ്ങിയപ്പോള്‍
‍എനിക്കാത്മഹത്യ ചെയ്യണമെന്നു തോന്നി.

ഒരു പുനര്‍വായനയ്ക്ക് - ഇനി
- ഞാനില്ല.

Friday, October 19, 2007

കുടജാദ്രിപുണ്യം*

മൂകാംബികയുടെ അനുഗ്രഹം നെറുകയിലണിഞ്ഞ് മല കയറിയിറങ്ങിയപ്പോഴും ചാരിതാര്‍ത്ഥ്യതിനുള്ളില്‍ തെല്ലു ഗദ്ഗദങ്ങളുണ്ടായിരുന്നോ? എന്തോ ഒരവ്യക്തതയുടെ മൂടുപടം ചിതറിക്കിടക്കുന്നുണ്ട്... പറയാന്‍ മറന്ന വാക്കുകളോ ചെയ്യാന്‍ കൊതിച്ച പ്രവ്രുത്തികളോ -- എവിടെയോ ഒരു യോജിപ്പില്ലായ്മ.

സൗപര്‍ണ്ണിക ശാന്തയായിരുന്നു..അടിയൊഴുക്കുകളില്ലെന്നു തോന്നിപ്പിക്കുന്ന സൗമ്യത.പച്ചപ്പണിഞ്ഞ പ്രക്രുതിയുടെ പ്രതിഫലനം മുഴുവന്‍ നെഞ്ചോടു ചേര്‍ത്തുവച്ച ശാന്തഗംഭീരയായ നദി. ചിതറിത്തെറിക്കുന്ന പളുങ്കുകണങ്ങളില്‍ സൂര്യരസ്മികളുടെ മുഗ്ദചുംബനങ്ങള്‍. എത്രയോ പേര്‍ പാപത്തിന്റെ ചുമടുകെട്ടുകള്‍ വലിച്ചെറിഞ്ഞ നദീതീരം. പുണ്യതീര്‍ത്ഥത്തില്‍ പാപമൊഴുക്കി മൂകാംബികയുടെ ത്രുപ്പാദം പുണരുന്ന തീര്‍ത്ഥയാത്രികര്‍. കാടിന്റെ വന്യമായ ശാന്തതയിലമരാന്‍ ഒരുവേള മനസ്സനുവദിക്കായ്കയാല്‍ നദീതീരേ ലീലാവിലാസങ്ങളുമായ് വാനരപ്പട. വനത്തിന്റെ നെഞ്ചകത്തേക്കു നീളുന്ന കറുത്ത വഴിത്താരയില്‍ ഒരുപാട് ഓര്‍മ്മകളുടെ കൊഴിഞ്ഞ ദളങ്ങള്‍. അഴുകി മണ്ണോടമരുന്ന ഇന്നലെകളുടെ സ്വപ്നങ്ങള്‍. ശാന്തസുന്ദരമായ ഈയൊരന്തരീക്ഷത്തില്‍ പ്രഭാതത്തിന്റെ കുളിരിനെ മറന്നുപോലും സൗപര്‍ണ്ണികയില്‍ സര്‍വ്വം മറന്നലിയാന്‍ തോന്നുന്നത് സാധാരണം മാത്രം.

മുന്‍ഗാമികള്‍ ചവിട്ടിയുറപ്പിച്ച വഴികളേ ഉള്ളൂ. ഇലകളഴുകിയും കാനന മഴയില്‍ കുതിര്‍ന്നും വളഞ്ഞുപുളഞ്ഞു പോകുന്ന വീഥി. ഇത്ര വിശാലമായ ഒരു വഴി കാടിനുനടുവില്‍ വെട്ടിയ ആള്‍ - അതാരായാലും മനസ്സൊന്നു പിടഞ്ഞു കാണും. കടപുഴകിവീഴുന്ന വ്രുക്ഷങ്ങളില്‍ ഇന്നലെകളുടെ സ്വപ്നങ്ങളത്രയും തൂവല്‍ കൊഴിക്കുകയാണല്ലോ. അവിടെയെല്ലാം അനാഥത്തിന്റെയും നഷ്ടബോധത്തിന്റെയും നിലവിളികള്‍ ഉണര്‍ന്നിരിക്കണം. ഈ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ മുതല്‍ നഷ്ടബാല്യത്തിന്റെ ഉള്‍വിളികളുണരുകയാണ്. പഴംപാട്ടുകള്‍ പാടി കാടിന്റെ മന:സാക്ഷിയെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നോ?

ഇടവേളകള്‍ അലസതയേ പ്രദാനം ചെയ്തുള്ളു. തടസ്സങ്ങളില്ലാത്ത നിര്‍ഗമനമാണ് ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി. തടസ്സങ്ങളുണ്ടാകാം. തട്ടിത്തടഞ്ഞുവീഴാതിരുന്നാല്‍ മതി.

കാടിന്റെ മനോഹാരിത എന്നെയത്ര മോഹിപ്പിച്ചില്ല. ലക്ഷ്യമായിരുന്നു എനിക്കെന്നും പ്രധാനം. എങ്കിലും ഒരുവേള ഒന്നു കണ്ണുതുറക്കുമ്പോള്‍ ഒരു മായിക പ്രപഞ്ചം തന്നെയാവും മുന്നില്‍. ചെളിനിറഞ്ഞ വീഥികള്‍ക്കും പുല്‍മേടുകള്‍ക്കുമിടയില്‍ രഹസ്യസ്വഭാവം നഷ്ടമാവാത്ത മരങ്ങള്‍. അവയെ വിട്ടുപിരിയാന്‍ കൂട്ടാക്കാതെ കെട്ടുപിണയുന്ന ലതകള്‍. സീല്‍ക്കാരങ്ങളുണര്‍ത്തുന്ന കാറ്റും ഇലകളും. കുളിര്‍മ്മയുടെ സാന്ത്വനം പകരുന്ന വ്രുക്ഷച്ചുവുകള്‍. ഇതെഴുതുമ്പോള്‍ ഒരു വ്രുക്ഷച്ചുവടിനോട് ചേര്‍ന്നിരുന്നില്ലല്ലോയെന്നത് ഒരു നഷ്ടബോധമായ് എന്നിലുണരുന്നു.


അന്ന് ഓര്‍മ്മകളുടെ നനുത്തപ്രഭാതത്തില്‍ മഞ്ഞുപൊഴിയുന്നുണ്ടായിരുന്നു. കോടമഞ്ഞില്‍ മുങ്ങിക്കിടക്കുകയായിരുന്നു കുടജാദ്രിയിലെ പ്രഭാതം. കാടിന്റെ സ്വകാര്യതകളിലേക്ക് ഊളിയിടുവാന്‍ തുനിയുന്നവര്‍ അല്പം മുന്‍കരുതലുകളെടുക്കേണ്ടത് അനിവാര്യം തന്നെയല്ലേ. പക്ഷിപാതാളം പടിപ്പിച്ച പാടങ്ങളില്‍നിന്ന് എണ്ണയുടെയും പുകയിലയുടെയും പ്രയോഗത്തിലേക്ക് ഒരു പരീക്ഷണം. അതെത്ര ഉപയുക്തമായെന്ന് ഇപ്പോഴും ഓര്‍മ്മിക്കുന്നു. കാടിന്റെ മര്‍മ്മരങ്ങള്‍ കേട്ടറിഞ്ഞുള്ള യാത്ര. വള്ളികളില്‍ തൂങ്ങിയാടി, അട്ടകടിയേല്‍ക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ച്, വഴിപിരിയാതിരിക്കാന്‍ പ്രാചീന മാര്‍ഗ്ഗങ്ങളവലംബിച്ച്, അങ്ങനെയങ്ങനെ...... പ്രപഞ്ചരഹസ്യങ്ങള്‍ തേടിയൊരു യാത്ര. ഇടയ്ക്കിടെ പെയ്തിരുന്ന ചാറ്റല്‍മഴ തെല്ലലോസരം ഉണ്ടാക്കുക തന്നെ ചെയ്തു. എങ്കിലും ലക്ഷ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ടാവാതെ തരമില്ലല്ലോ. അപ്പോള്‍ തുടരുക തന്നെ. ഇടക്കിടെ കാടിന്റെ മോഹനഭാവങ്ങള്‍ സെല്ലുലോയ്ഡുകളില്‍ മായാത്ത മുദ്രകളാക്കിയെടുക്കാന്‍ ഞങ്ങള്‍ മറന്നില്ല. സമയമറിയാതൊരു യാത്ര. ഒടുവില്‍ മൂലസ്ഥാനത്തെത്തുമ്പോള്‍ ഉച്ചതിരിഞ്ഞിരുന്നുവെന്നത് അത്ഭുതമുണ്ടാക്കി.

മൂകാംബികാദേവിയെ പ്രീതിപ്പെടുത്തി കൊണ്ടുവന്ന ശ്രീശങ്കരന്റെ ത്രുപ്പാദങ്ങള്‍ പതിഞ്ഞ സര്‍വജ്ഞപീടം കാണുവാന്‍ ആഗ്രഹമുണ്ടായി. വിശപ്പിനും ദാഹത്തിനുമൊക്കെ ഇനിയും ക്ഷമിക്കാം. മനസ്സിന്റെ ത്രുക്ഷ്ണ അങ്ങനെയല്ലല്ലോ. മൂലസ്ഥാനത്തുനിന്നുള്ള യാത്ര തികച്ചും വ്യത്യസ്തമായിത്തോന്നി. ഇടതൂര്‍ന്ന വന്മരങ്ങള്‍ക്കുപകരം കുറ്റിച്ചെടികളും കാട്ടുപൂക്കളും കൊണ്ടലംക്രുതമായ പുല്‍മേടുകള്‍. മഞ്ഞിന്‍പുതപ്പണിഞ്ഞുനില്‍ക്കുന്ന അത്യഗാധങ്ങളായ ഗര്‍ത്തങ്ങള്‍. പാണ്ഡവരുടെ സ്വര്‍ഗ്ഗയാത്രയെ അനുസ്മരിപ്പിക്കാനെന്നോണം ഒപ്പംചേര്‍ന്ന ഒരു ശ്വാനനും. 'ഇവനോ ധര്‍മ്മരാജന്‍!' എന്നു ശങ്കിച്ച് ഞാനല്പസമയം നിന്നുപോയി. ഇവിടെനിന്ന് ഒന്നു കാലിടറിയാല്‍ മതി - പിന്നെയാ മഞ്ഞിന്‍പുതപ്പിനടിയില്‍നിന്ന് കണ്ടെടുക്കുക അസാധ്യമാവാം. ഒരുവേള മഞ്ഞ് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയേക്കുമോയെന്നുപോലും ഭയന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വളര്‍ന്ന കാട്ടുപൂക്കള്‍ ഏതോ മനോഹരമായ ഒരുദ്യാനത്തിന്റെ ഓര്‍മ്മകളുണര്‍ത്തിവിട്ടു. ഒടുവില്‍ സര്‍വജ്ഞപീടമെത്തിയപ്പോള്‍ ആ പുണ്യഭൂമി ഒന്നുതൊട്ട് നമസ്കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മഹാത്മാവേ, നിന്റെ പാദതാരില്‍ അമര്‍ന്നൊരീമണ്ണ് ഞങ്ങളുടെ കാല്പാദങ്ങള്‍ക്ക് വിശുദ്ധമായ ആശ്ലേഷനങ്ങള്‍ നല്കിടട്ടെ.

ആഗ്രഹങ്ങള്‍ തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കുക അല്പം ബുദ്ധിമുട്ടുതന്നെ. അത് സര്‍വജ്ഞപീടം കൊണ്ടു തീരുന്നില്ല. സര്‍വജ്ഞപീടം കഴിഞ്ഞാല്‍ ചിത്രമൂല. കിഴുക്കാംതൂക്കായ പ്രദേശം. കൊക്കയുടെ ഭീതിജനിപ്പിക്കുന്ന മഞ്ഞും ആളെ കശക്കിയെറിയുന്ന കാറ്റും ഇവിടെ. വെള്ളമൊഴുകി തെളിഞ്ഞ പാതയിലൂടെ നടക്കുമ്പോള്‍ പെയ്തിറങ്ങാനിരിക്കുന്ന മഴയെപ്പറ്റി തെല്ലു ഭയത്തോടെതന്നെ ഞാന്‍ ചിന്തിച്ചു. തകര്‍ത്തുപെയ്യുന്ന മഴയില്‍ ഈ പാതകള്‍ ഇവിടെയുണ്ടാകണമെന്നില്ല. ഈ ഇറക്കങ്ങള്‍ കാലുറക്കാത്ത കയറ്റങ്ങളായി പരിണമിക്കാം. രൗദ്രഭാവമണിയുന്ന മാരുതന്‍ ഒരുവേള ഈ കൊക്കയിലേക്ക് എന്നെ ചുഴറ്റിയെറിഞ്ഞേക്കാം. അവിടെ ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു പ്രക്രുതിയില്‍ സര്‍വ്വം നഷ്ടമായേക്കാം. പാടില്ല. ഭയം കാലിനു വിറയലേ നല്‍കൂ. വേണ്ടതു ധൈര്യമാണ്. എന്നെ താങ്ങാന്‍ കെല്പില്ലാത്ത പുല്‍ത്തുരുമ്പില്‍ പിടിക്കുമ്പോഴും കാലിടറാത്തതിനു കാരണമീയാത്മധൈര്യം മാത്രമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനും പരിസമാപ്തിയായി. ഇനിയങ്ങോട്ടു കാട്ടുവഴികളില്ല. കാടിവിടെ അവസാനിക്കുകയല്ല. പക്ഷേ കാട്ടുവഴികള്‍ക്കറുതിയായി. ചെങ്കുത്തായ് കിടക്കുന്ന ഈ പ്രദേശവും അതിന്റെ മുഖാവരണമായ ഉയര്‍ന്ന പാറക്കെട്ടും ഇനി കണ്ടുനില്‍ക്കാം. ഈ പാറക്കെട്ടിനുള്ളില്‍ പ്രക്രുതിയുടെ മര്‍മ്മരങ്ങളാസ്വദിച്ച്, പാറയിലൂടൂറിവരുന്ന തെളിനീരും കുടിച്ച് കഴിയുന്ന നാട്ടുകാരിയോടെനിക്കു തോന്നിയ വികാരം അസൂയയാവാനിടയില്ല. ധ്യാനത്തിന്റെ പടവുകളിറങ്ങി ശാന്തതയുടെ തെളിനീര്‍ തടാകത്തിലേക്കൊരു യാത്ര.

ഇനി തിരിച്ചുനടക്കലാണ്. എളുപ്പമായതത്രയും വിഷമമാക്കുന്ന തിരിച്ചുനടക്കല്‍!

* s5- ട്രിപ്പിന്റെ ഓര്‍മ്മക്കുറിപ്പ്.

Friday, October 12, 2007

തിരശ്ശീലയ്ക്കപ്പുറം

ഞാനൊരു ചോദ്യം ചോദിക്കട്ടെ -
മുഖം മൂടികളില്ലാത്ത മനുഷ്യരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഒരുപാട് മുഖം മൂടികളുണ്ട് - എല്ലാവര്‍ക്കും
- അവസരത്തിനൊത്ത് മാറാന്‍ !

വിജയത്തിനൊരെളുപ്പവഴിയുണ്ട് -
..മുഖം മൂടികളുടെ എണ്ണം കൂട്ടുക...
പരാജയപ്പെടാതിരിക്കാനൊരു സൂത്രമുണ്ട്
..മുഖം മൂടികള്‍ വച്ചു മാറാതിരിക്കുക...

ഭയപ്പെടാതിരിക്കാനൊരു മാര്‍ഗ്ഗം
..മുഖം മൂടിക്കുപിന്നിലെ ശൂന്യത തിരയാതിരിക്കുക.
മുഖം മൂടി നല്‍കുന്നൊരു ധൈര്യമുണ്ട്
..കണ്ണാടിക്കുള്ളിലുള്ളവനെ ഭയക്കേണ്ടെന്ന ധൈര്യം!

നിങ്ങളോടു ഞാന്‍ വാതുവെക്കാം
നിങ്ങളുടെ മുഖം മൂടി മാറ്റാന്‍ ധൈര്യമുണ്ടോ?
നിങ്ങള്‍ക്കുറപ്പുണ്ടോ
മാറ്റിയ മുഖം മൂടിക്കുള്ളില്‍ നിങ്ങളുടെ മുഖമാണെന്ന്?

എനിക്കൊരപേക്ഷയുണ്ട്!
ഈ തിരക്കില്‍
മുഖം മൂടിയില്ലാത്ത ഒരാളെയെ‍ങ്കിലും കിട്ടിയാല്‍
എന്നെയൊന്നറിയിക്കണം, എനിക്ക്-
... എനിക്കൊരു മുഖം കാണാനാണ്!

പക്ഷേ...
എന്നെ എങ്ങനെ തിരിച്ചറിയും?
എന്റെയന്നത്തെ മുഖം മൂടി ഏതായിരിക്കും?

Thursday, October 11, 2007

ഞാന്‍ എന്റെ പുഴയരികില്‍......

നിന്റെ പുഴ കാണാനായിരുന്നു ഞാന്‍ വന്നതു
അപ്പോഴായിരുന്നു നിനക്കെന്നില്‍ നിന്നുള്ള വ്യത്യാസത്തിനു കാരണം
...............................വ്യക്തമായതു
ഇവിടെ പ്രതിക്കൂട്ടില്‍ പുഴയാണു - നിന്റെ പുഴയും എന്റെ പുഴയും.

നിന്റെ പുഴ നിന്നെപ്പൊലെയാണു
-തെളിഞ്ഞ മനസ്സും നിറഞ്ഞ ഒഴുക്കും.
എന്റെ പുഴക്കു കലഹങ്ങളോടാണിഷ്റ്റടം.
- തടസ്സങ്ങളോട്, വലിയ കയങ്ങളോട്
-ഉരുളന്‍ കല്ലുകളോട് -ഗാംഭീരശബ്ദ്ത്തോട്
-തികച്ചും എന്നെപ്പോലെ.
ആരാലും നിയന്ത്രിക്കപ്പെടാതെ
എന്നാല്‍ ആരിലേക്കും നിറഞ്ഞൊഴുകാതെ
സ്വയം ഉല്ലസിച്ചുകൊണ്ടങ്ങനെ !

ഞാന്‍ പ്രണയിക്കയില്ലയെന്നു നീ പറഞ്ഞേക്കാം
നിറഞ്ഞു പ്രണയിക്കാന്‍ നിന്നെ നിന്റെ പുഴ പടിപ്പിച്ചതാണല്ലോ.
ഞാനെന്റെ പുഴ പോലെ
ഒരുപാടാവേശത്തോടെ......ഒത്തിരി ഗാംഭീരത്തോടെ
മിനുസ്സപ്പെടുത്തിയ ഒരുപാടുരുളന്‍ കല്ലുകളാല്‍ നിറഞ്ഞ്
എന്നാല്‍ ഒരല്പ്പം പോലും കവിയാതെ...

എന്റെ പ്രണയമറിയാന്‍ നീയെന്നിലേക്കിറങ്ങണം...
എന്റേതാവണം..
എന്റെ കൈകള്‍ നിനക്കുതരുന്ന രൂപമുള്‍ക്കൊള്ളണം....
പിന്നെയോരോ പാറയിടുക്കിലും ഞാന്‍ നിനക്കുതരുന്ന പ്രണയം നുകരണം
........ഒത്തിരി ആവേശത്തോടെ
........ഭ്രാന്തമായ്
കാരണം ഞാനുമെന്റെ പുഴപോലെയാണു
ഭ്രാന്തിയായ് പാറയിടുക്കില്‍ തലയിടിച്ചു പൊട്ടിച്ചിതറുബോഴാണു അവളും
............................. സംത്രുപ്തയാവുന്നത്

....ഞാനും എന്റെ പുഴയും
സമുദ്രം തേടിപ്പോവാതെ, സ്വയം തകര്‍ന്നു തീരുന്ന പ്രണയിനി......