Monday, May 19, 2008

ചേല.....

എന്റെ വസന്തങ്ങളിലേക്കാണ് നീ പടര്‍ന്നു കയറുന്നത്. എന്റെ യൗവനത്തിന്റെ നീരാണ് നിന്റെ ജീവന്‍. ഗാഡമായ ആശ്ലേഷനങ്ങളിലൂടെ നീ കവര്‍ന്നെടുക്കുന്നത് എന്റെ നിലനില്പ്പിനെയാണ്. എന്റെ തണലുകളില്‍ നിന്ന് കിളിക്കൂടുകളൊഴിയുന്നത് നീയറിയുന്നതേയില്ല. ഒരു വിരഹവേദനയും നിന്നെ സ്പര്‍ശിക്കാതെ പോകുന്നു. നീ - നീ മാത്രമായ് ചുരുങ്ങുമ്പോള്‍, ഭാവിയിലേക്ക് ഒരു തണലുകൂടി നഷ്ടം.

Wednesday, May 14, 2008

സമര്‍പ്പണം

ഉഷ്ണകാലങ്ങളിലായിരുന്നു എന്നുമെനിക്കു പനി

കാലം തെറ്റിവന്ന പനിച്ചൂടിലും എനിക്കു കുളിരുന്നത് - നിന്റെ പ്രണയമോ?

നിന്റെ പ്രണയത്തിനെന്നും ചുവപ്പു നിറമായിരുന്നു

ഞാന്‍ മറന്നിട്ടും നീ മറക്കാതിരുന്നതിലെ വിപ്ലവം!

ഇനിയൊരാളും വരാനില്ലെന്നുറച്ച

ഒരു വേര്‍പാടിന്റെ സന്ധ്യയിലാണ് നീ മടങ്ങിയെത്തിയത്

നിന്റെ ചിരപരിചിതഭാവത്താല്‍

‍കടപ്പാടുകളുടെ വേദനപോലും നീ മായിച്ചുകളഞ്ഞു

നിന്നെയിന്നും കുത്തിനോവിക്കുന്നതിലെ പ്രണയം

നീയിനിയും അറിയാതെ പോവുമോ?

Saturday, May 10, 2008

...............

മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.

.................................

വെറുതെ....