Sunday, September 7, 2008

പറയാതെ പോകുന്നവയില്‍നിന്ന്......


ഇനിയും വരാതിരിക്കുക
വിരഹമെന്തെന്നെന്നെ ഓര്‍മ്മിപ്പിക്കുവാന്‍
അകലുവാനായ് ഇനിയുമൊരാളുംസുഹൃത്തായ് വരാതിരിക്കുക
എന്റെ മനസ്സിന്റെ ഇടനാഴിയിലേക്ക്
കൈപിടിച്ചാരുമിറങ്ങരുത്
നിങ്ങളുടെ ദു:ഖങ്ങളെനിക്കു വേണ്ട
നിഴലായെന്നെ നടത്താതിരിക്കുക
മഴക്കാലങ്ങളില്‍ പിരിഞ്ഞുപോവാന്‍
‍വേനലില്‍ തണലായ് വരരുത്
ഓരോ വിരഹത്തിലും മുറിയുന്ന ഹൃദയത്തില്‍
ലേപനം കൊണ്ടാരും വരരുത്
എന്റെ വഴികള്‍ ഏകാന്തമാണ്
ഓര്‍മ്മയുടെ ഒരിതള്‍ പോലുമവിടെ വേണ്ട

എന്റെ വാതിലില്‍ വന്നിനിയെന്നെ വിളിക്കരുത്
ഞാന്‍ - ഞാനൊന്നു മറക്കാന്‍ ശ്രമിക്കട്ടെ.
-----------------------------
നിനക്ക് -
ഞാനൊരിക്കലും നീയെന്നു വിളിച്ചിട്ടില്ലെങ്കിലും.
ഓര്‍മ്മിക്കുവാന്‍ ഒന്നുമില്ലെങ്കിലും
മറക്കാതിരിക്കുമെന്നുറപ്പുള്ള ശാന്തസൗഹൃദത്തിന്
അകന്നുപോകുന്നുവെങ്കിലും
അന്യയായ് മാറാത്തതിന്
വിരഹമഴയില്‍ നിന്ന്
സ്നേഹത്തണലിലെ ചെറുകൂട്ടിലേക്ക്
പ്രിയപ്പെട്ട കൂട്ടുകാരീ,
വീണ്ടും ഒറ്റയ്ക്കായ് പോകുന്നവളുടെ യാത്രാമൊഴി....
-------------------------------------
നിന്റെ ഓര്‍മ്മ എനിക്കു വേദനയാണ്
ഒരിക്കലും മറക്കാനാവില്ലെങ്കിലും
ഇനിയൊരിക്കലും ഓര്‍ക്കാതിരിക്കാന്‍ നീ ശ്രമിക്കുമ്പോള്‍....

നിന്റെ വിരഹം കൊണ്ടു ഞാനെന്നെ അളന്നു
സ്നേഹത്തിന്റെ ഉഴവുചാലില്‍നിന്നും എന്നെ പറിച്ചെടുത്തേക്കൂ
അതൊരിക്കലും മുളപൊട്ടി വളരാതിരിക്കട്ടെ!

നിന്റെ വേദനകളെനിക്കുതരൂ
മറവിയുടെ മണല്‍പരപ്പിലതു മറയട്ടെ
സൗഹൃദത്തിന്റെ തണലതിനെ തലോടാതിരിക്കട്ടെ

നിന്നെ ഞാനറിയുന്നു
നിന്റെ ഹൃദയത്തിന്റെ മിടിപ്പും
കണ്ണീരിന്റെ നനവും.
സ്വപ്നങ്ങളുടെ വിശാലസ്വര്‍ഗ്ഗങ്ങളില്‍
കനവുകളുടെ കരിയിലകളും കരടും പടരാതിരിക്കാന്‍
'ഫേവര്‍ ബാങ്കി'ലെ നിക്ഷേപങ്ങളില്‍ നിന്നും
നിനക്കെന്നും കടമെടുക്കാം
കണക്കുകളെല്ലാം നമ്മള്‍ മനസ്സുകള്‍ കൊണ്ടളക്കുന്നതല്ലേ....