Wednesday, February 25, 2009

'ആഷ് വെനസ്ഡേ'


എന്തിനാണു വരയ്ക്കുന്നതെന്നറിയില്ല. എന്നാലും, സ്കൂളില്‍ചെല്ലുമ്പോ നെറ്റിയില് കുരിശില്ലെങ്കില്‍ എല്ലാരും കളിയാക്കും... അയ്യേ, ഇതെന്താ നിനക്കു മാത്രം ഇല്ലാത്തേ എന്നു ചോദിച്ച്... ഒന്നുരണ്ടു തവണ കളിയാക്കലുകള്‍ക്ക് നിന്നുകൊടുത്തു... പിന്നെപിന്നെ അടുപ്പില്‍നിന്ന് ചാരമെടുത്ത് നെറ്റിയില്‍ കുരിശുവരച്ചു മുഖം രക്ഷിക്കാന്‍ തുടങ്ങി - അരുണിന്റെ 'ആഷ് വെനസ്ഡേ' ഓര്‍മ്മയില്‍നിന്ന്...
--------------------------------------------------------------------------
P.S: ഇന്ന് 'ആഷ് വെനസ്ഡേ'. അനുതാപത്തിന്റെ അടയാളമായി നെറ്റിയില്‍ ചാരം പൂശി ക്രിസ്ത്യാനികള്‍ നോമ്പു തുടങ്ങുന്നതിന്ന്..

Monday, February 23, 2009

വര്‍ത്തമാനങ്ങള്‍....

ശൂദ്രതാപസിയുടെ ശിരസ്സറുക്കുന്ന വേദവാളുകളിലേക്ക്..
പ്രാചീനതകളുടെ ഗുരുകുലങ്ങളിലേക്ക്..
യുദ്ധങ്ങളുടെ ആര്യവര്‍ത്തങ്ങളിലേക്ക്..
പനീര്‍പ്പൂവുകളുടെ വിവാദങ്ങളിലേക്ക്..
പരാതിപ്പെടാനുതകുന്ന സ്വാതന്ത്ര്യങ്ങളിലേക്ക്..
വറ്റിയുണങ്ങുന്ന നിളയുടെ അതൃപ്തജല്പനങ്ങളിലേക്കുള്ള
ഫോട്ടോഷൂട്ടുകളിലേക്ക്..
നിരാലംബ വാര്‍ദ്ധക്യങ്ങളുടെ പിടിവാശികളിലേക്ക്..
ന്യൂക്ലിയര്‍ ബലപരീക്ഷണങ്ങളിലൊടുങ്ങുന്ന അതിര്‍ത്തിചര്‍ച്ചകളിലേക്ക്..
ശൈശവം മരിച്ചുപോകുന്ന രതിവിനോദങ്ങള്‍ക്ക്..
ഓര്‍മ്മകളില്പോലും ബാല്യമില്ലാത്തവര്‍ക്ക്..
കണക്കെടുപ്പുകളിലേക്കൊതുങ്ങിപ്പോകുന്ന സാമൂഹികപ്രതിബദ്ധതകളിലേക്ക്..
കുഞ്ഞിനെ -
നളന്ദയെന്നു വിളിക്കാന്‍ ഞാന്‍ കൊതിക്കുമ്പോള്‍...
ആവര്‍ത്തിക്കപ്പെടേണ്ടുന്ന പടയോട്ടങ്ങള്‍
അവളുടെ വഴികളില്‍നിന്നൊരുനിമിഷം ഒഴിഞ്ഞു നില്‍ക്കാന്‍..
കുഞ്ഞേ - നീ ഉരുവാകുന്നതിന്മുന്നേ,
പൂര്‍വ്വഗുരുക്കന്മാരേ -
നിങ്ങളുടെ നിലവിളക്കുകളിലെരിയാന്‍
ഈ പുനര്‍ജനിയില്‍നിന്നൊരു പ്രാര്‍ത്ഥന കൂടി...

Thursday, February 12, 2009

പേരറിയാത്തൊരു നൊമ്പരത്തെ...


"ചൂടാതെപോയി നീ നിനക്കായി ഞാന്‍ ചോരചാറിചുവപ്പിച്ചൊരെന്‍ പനീര്‍പൂവുകള്‍" - ചുള്ളിക്കാട് ( ആനന്ദധാര)

Monday, February 2, 2009

സ്മൃതി തന്‍ ചിറകിലേറി ഞാനെന്‍.......

ഓര്‍മ്മകളുടെ വളപ്പൊട്ടുകള്‍ ചിതറിക്കിടക്കുന്ന വഴികള്‍... ചേച്ചിയുടെ കൈയില്‍ തൂങ്ങി ആദ്യമായി സ്കൂളില്‍ പോയത്, ദേ അപ്പുറത്തെ പുഴ കടന്നിട്ടാ... അന്നൊക്കെ പുഴേല് ഒത്തിരി വെള്ളമുണ്ടായിരുന്നു.... മനഞ്ഞിലും കൊഞ്ചും പേരറിയാത്ത ഒരുപാട് മീനുകളും... അപ്പച്ചീടെ കൂടെ എത്ര തവണ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്നു ഇവിടെ... ദേ, ആ ജാതീടെ ചോട്ടില്‍ക്കൂടെ പുഴേലേക്കിറങ്ങാന്‍ വേറെ വഴിയുണ്ടൂട്ടോ... പണ്ട് ഒരുവശം മുഴുവന്‍ ഇല്ലിക്കാടുകളായിരുന്നു... പശുവിനെ തീറ്റിക്കാന്‍ നടക്കുമ്പോ മുളങ്കാട്ടിലെ കാറ്റ് കേട്ട് എത്ര തവണ പേടിച്ചോടിയിരിക്കുന്നു... പുഴയിലെ ഒരു പാറപ്പുറത്തു കേറി നിന്നു കണ്ണടച്ചു പ്രാര്‍ത്ഥിച്ചാല്‍ ഹൃദയം കാണാന്‍ പറ്റുമെന്നു പറഞ്ഞ് ചേച്ചി എത്ര പേരെ പറ്റിച്ചിട്ടുണ്ടെന്നോ... ഉഷ്ണകാലമെത്തിയത് പുഴയിനിയും അറിഞ്ഞിട്ടുണ്ടാവില്ല... അതാവണം പുഴയിലെ വെള്ളത്തിന് ഇപ്പോഴും ഇത്ര തണുപ്പ്... അതോ വരും കാലങ്ങളിലേക്ക് സ്വരുക്കൂട്ടി വെക്കുന്നതോ?