Sunday, June 22, 2008

എന്റെ സ്വപ്നങ്ങളില്‍ നിന്ന്.....

പനിയുടെ ഉഷ്ണക്കിടക്കയില്‍
എന്റെ കാഴ്ചയാവുന്നതിന്, കേള്‍വിയാകുന്നതിന്,
സ്വരമാവുന്നതിന് നന്ദി.

എന്റെ ഉണര്‍വിന്റെ താളമാവുന്നതിന്
മുറിവുകളിലെ നനുത്ത ചുംബനങ്ങള്‍ക്ക്
വിരലുകളിലെ സംഗീതത്തിന്
സ്വപ്നങ്ങളിലെ ഗന്ധര്‍വ്വാ നിനക്കു നന്ദി.

ഒഴുകാന്‍ മറന്നെന്റെ ഒപ്പമാവുന്നതിന്
ഇഴയുന്ന കാലടികളിലെ വേഗമാവുന്നതിന്
അണയാതിരിക്കാനെന്‍ തണലായ് അലിയുന്നതിന്
ആയുസ്സിന്‍ പ്രിയ മിത്രമേ, നന്ദി.

നിനക്കുവേണ്ടി പണിതതല്ലെങ്കിലും
നിനക്കു പാര്‍ക്കാന്‍ ഒരു കല്‍ത്തളം ഞാന്‍ തരാം
നിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കാം
ഓര്‍മ്മകളിലെ വസന്തങ്ങളിലേക്കു കുളിരും.

നിനക്കുവേണ്ടി കൊഴിഞ്ഞതല്ലെങ്കിലും
നിന്റെ വഴികളിലീയിതളുകള്‍ ഞാന്‍ വിതറാം
നിന്റെ നിലാവിന്റെ കരയിരുളുമ്പോള്‍
നിനക്കു നിലാവായ് വരാം.
നിന്റെ മഴകളകന്നുപോകുമ്പോള്‍
നിനക്കായ് പെയ്തിറങ്ങാം.

നിന്റെ സ്വരമായ്, താളമായ്, ലയമായ്
നിന്റെ ഞാനായ് വരാം.


5 comments:

ചിതല്‍ said...

പനിയുടെ ഉഷ്ണക്കിടക്കയില്‍ എന്റെ കാഴ്ചയാവുന്നതിന്, കേള്‍വിയാകുന്നതിന്, സ്വരമാവുന്നതിന് നന്ദി.
.....

ശരിയാണ്...

Rahul said...

Great !
regds
Rahul

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

siva // ശിവ said...

ഹായ്,

ഇത് വെറുമൊരു സ്വപ്നമാണോ....ഇങ്ങനെയൊരു ജീവിതമുണ്ടെങ്കില്‍ എത്ര സുന്ദരമായിരിക്കും...

Tripodyssey said...

ചിതല്‍, രാഹുല്‍, വാല്‍മീകി - നന്ദി. ശിവ, ഇതൊരു സ്വപ്നം മാത്രമായി തീരരുതെന്നാണ് എന്റെയും ആഗ്രഹം. ഇതുവഴി വന്നതിനു നന്ദി.