മൂകാംബികയുടെ അനുഗ്രഹം നെറുകയിലണിഞ്ഞ് മല കയറിയിറങ്ങിയപ്പോഴും ചാരിതാര്‍ത്ഥ്യതിനുള്ളില്‍ തെല്ലു ഗദ്ഗദങ്ങളുണ്ടായിരുന്നോ? എന്തോ ഒരവ്യക്തതയുടെ മൂടുപടം ചിതറിക്കിടക്കുന്നുണ്ട്... പറയാന്‍ മറന്ന വാക്കുകളോ ചെയ്യാന്‍ കൊതിച്ച പ്രവ്രുത്തികളോ -- എവിടെയോ ഒരു യോജിപ്പില്ലായ്മ.
സൗപര്‍ണ്ണിക ശാന്തയായിരുന്നു..അടിയൊഴുക്കുകളില്ലെന്നു തോന്നിപ്പിക്കുന്ന സൗമ്യത.പച്ചപ്പണിഞ്ഞ പ്രക്രുതിയുടെ പ്രതിഫലനം മുഴുവന്‍ നെഞ്ചോടു ചേര്‍ത്തുവച്ച ശാന്തഗംഭീരയായ നദി. ചിതറിത്തെറിക്കുന്ന പളുങ്കുകണങ്ങളില്‍ സൂര്യരസ്മികളുടെ മുഗ്ദചുംബനങ്ങള്‍. എത്രയോ പേര്‍ പാപത്തിന്റെ ചുമടുകെട്ടുകള്‍ വലിച്ചെറിഞ്ഞ നദീതീരം. പുണ്യതീര്‍ത്ഥത്തില്‍ പാപമൊഴുക്കി മൂകാംബികയുടെ ത്രുപ്പാദം പുണരുന്ന തീര്‍ത്ഥയാത്രികര്‍. കാടിന്റെ വന്യമായ ശാന്തതയിലമരാന്‍ ഒരുവേള മനസ്സനുവദിക്കായ്കയാല്‍ നദീതീരേ ലീലാവിലാസങ്ങളുമായ് വാനരപ്പട. വനത്തിന്റെ നെഞ്ചകത്തേക്കു നീളുന്ന കറുത്ത വഴിത്താരയില്‍ ഒരുപാട് ഓര്‍മ്മകളുടെ കൊഴിഞ്ഞ ദളങ്ങള്‍. അഴുകി മണ്ണോടമരുന്ന ഇന്നലെകളുടെ സ്വപ്നങ്ങള്‍. ശാന്തസുന്ദരമായ ഈയൊരന്തരീക്ഷത്തില്‍ പ്രഭാതത്തിന്റെ കുളിരിനെ മറന്നുപോലും സൗപര്‍ണ്ണികയില്‍ സര്‍വ്വം മറന്നലിയാന്‍ തോന്നുന്നത് സാധാരണം മാത്രം.
മുന്‍ഗാമികള്‍ ചവിട്ടിയുറപ്പിച്ച വഴികളേ ഉള്ളൂ. ഇലകളഴുകിയും കാനന മഴയില്‍ കുതിര്‍ന്നും വളഞ്ഞുപുളഞ്ഞു പോകുന്ന വീഥി. ഇത്ര വിശാലമായ ഒരു വഴി കാടിനുനടുവില്‍ വെട്ടിയ ആള്‍ - അതാരായാലും മനസ്സൊന്നു പിടഞ്ഞു കാണും. കടപുഴകിവീഴുന്ന വ്രുക്ഷങ്ങളില്‍ ഇന്നലെകളുടെ സ്വപ്നങ്ങളത്രയും തൂവല്‍ കൊഴിക്കുകയാണല്ലോ. അവിടെയെല്ലാം അനാഥത്തിന്റെയും നഷ്ടബോധത്തിന്റെയും നിലവിളികള്‍ ഉണര്‍ന്നിരിക്കണം. ഈ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ മുതല്‍ നഷ്ടബാല്യത്തിന്റെ ഉള്‍വിളികളുണരുകയാണ്. പഴംപാട്ടുകള്‍ പാടി കാടിന്റെ മന:സാക്ഷിയെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നോ?
ഇടവേളകള്‍ അലസതയേ പ്രദാനം ചെയ്തുള്ളു. തടസ്സങ്ങളില്ലാത്ത നിര്‍ഗമനമാണ് ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴി. തടസ്സങ്ങളുണ്ടാകാം. തട്ടിത്തടഞ്ഞുവീഴാതിരുന്നാല്‍ മതി.
കാടിന്റെ മനോഹാരിത എന്നെയത്ര മോഹിപ്പിച്ചില്ല. ലക്ഷ്യമായിരുന്നു എനിക്കെന്നും പ്രധാനം. എങ്കിലും ഒരുവേള ഒന്നു കണ്ണുതുറക്കുമ്പോള്‍ ഒരു മായിക പ്രപഞ്ചം തന്നെയാവും മുന്നില്‍. ചെളിനിറഞ്ഞ വീഥികള്‍ക്കും പുല്‍മേടുകള്‍ക്കുമിടയില്‍ രഹസ്യസ്വഭാവം നഷ്ടമാവാത്ത മരങ്ങള്‍. അവയെ വിട്ടുപിരിയാന്‍ കൂട്ടാക്കാതെ കെട്ടുപിണയുന്ന ലതകള്‍. സീല്‍ക്കാരങ്ങളുണര്‍ത്തുന്ന കാറ്റും ഇലകളും. കുളിര്‍മ്മയുടെ സാന്ത്വനം പകരുന്ന വ്രുക്ഷച്ചുവുകള്‍. ഇതെഴുതുമ്പോള്‍ ഒരു വ്രുക്ഷച്ചുവടിനോട് ചേര്‍ന്നിരുന്നില്ലല്ലോയെന്നത് ഒരു നഷ്ടബോധമായ് എന്നിലുണരുന്നു.
അന്ന് ഓര്‍മ്മകളുടെ നനുത്തപ്രഭാതത്തില്‍ മഞ്ഞുപൊഴിയുന്നുണ്ടായിരുന്നു. കോടമഞ്ഞില്‍ മുങ്ങിക്കിടക്കുകയായിരുന്നു കുടജാദ്രിയിലെ പ്രഭാതം. കാടിന്റെ സ്വകാര്യതകളിലേക്ക് ഊളിയിടുവാന്‍ തുനിയുന്നവര്‍ അല്പം മുന്‍കരുതലുകളെടുക്കേണ്ടത് അനിവാര്യം തന്നെയല്ലേ. പക്ഷിപാതാളം പടിപ്പിച്ച പാടങ്ങളില്‍നിന്ന് എണ്ണയുടെയും പുകയിലയുടെയും പ്രയോഗത്തിലേക്ക് ഒരു പരീക്ഷണം. അതെത്ര ഉപയുക്തമായെന്ന് ഇപ്പോഴും ഓര്‍മ്മിക്കുന്നു. കാടിന്റെ മര്‍മ്മരങ്ങള്‍ കേട്ടറിഞ്ഞുള്ള യാത്ര. വള്ളികളില്‍ തൂങ്ങിയാടി, അട്ടകടിയേല്‍ക്കാതിരിക്കാന്‍ പരമാവധി പരിശ്രമിച്ച്, വഴിപിരിയാതിരിക്കാന്‍ പ്രാചീന മാര്‍ഗ്ഗങ്ങളവലംബിച്ച്, അങ്ങനെയങ്ങനെ...... പ്രപഞ്ചരഹസ്യങ്ങള്‍ തേടിയൊരു യാത്ര. ഇടയ്ക്കിടെ പെയ്തിരുന്ന ചാറ്റല്‍മഴ തെല്ലലോസരം ഉണ്ടാക്കുക തന്നെ ചെയ്തു. എങ്കിലും ലക്ഷ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ടാവാതെ തരമില്ലല്ലോ. അപ്പോള്‍ തുടരുക തന്നെ. ഇടക്കിടെ കാടിന്റെ മോഹനഭാവങ്ങള്‍ സെല്ലുലോയ്ഡുകളില്‍ മായാത്ത മുദ്രകളാക്കിയെടുക്കാന്‍ ഞങ്ങള്‍ മറന്നില്ല. സമയമറിയാതൊരു യാത്ര. ഒടുവില്‍ മൂലസ്ഥാനത്തെത്തുമ്പോള്‍ ഉച്ചതിരിഞ്ഞിരുന്നുവെന്നത് അത്ഭുതമുണ്ടാക്കി.
മൂകാംബികാദേവിയെ പ്രീതിപ്പെടുത്തി കൊണ്ടുവന്ന ശ്രീശങ്കരന്റെ ത്രുപ്പാദങ്ങള്‍ പതിഞ്ഞ സര്‍വജ്ഞപീടം കാണുവാന്‍ ആഗ്രഹമുണ്ടായി. വിശപ്പിനും ദാഹത്തിനുമൊക്കെ ഇനിയും ക്ഷമിക്കാം. മനസ്സിന്റെ ത്രുക്ഷ്ണ അങ്ങനെയല്ലല്ലോ. മൂലസ്ഥാനത്തുനിന്നുള്ള യാത്ര തികച്ചും വ്യത്യസ്തമായിത്തോന്നി. ഇടതൂര്‍ന്ന വന്മരങ്ങള്‍ക്കുപകരം കുറ്റിച്ചെടികളും കാട്ടുപൂക്കളും കൊണ്ടലംക്രുതമായ പുല്‍മേടുകള്‍. മഞ്ഞിന്‍പുതപ്പണിഞ്ഞുനില്‍ക്കുന്ന അത്യഗാധങ്ങളായ ഗര്‍ത്തങ്ങള്‍. പാണ്ഡവരുടെ സ്വര്‍ഗ്ഗയാത്രയെ അനുസ്മരിപ്പിക്കാനെന്നോണം ഒപ്പംചേര്‍ന്ന ഒരു ശ്വാനനും. 'ഇവനോ ധര്‍മ്മരാജന്‍!' എന്നു ശങ്കിച്ച് ഞാനല്പസമയം നിന്നുപോയി. ഇവിടെനിന്ന് ഒന്നു കാലിടറിയാല്‍ മതി - പിന്നെയാ മഞ്ഞിന്‍പുതപ്പിനടിയില്‍നിന്ന് കണ്ടെടുക്കുക അസാധ്യമാവാം. ഒരുവേള മഞ്ഞ് മാര്‍ഗ്ഗതടസ്സമുണ്ടാക്കിയേക്കുമോയെന്നുപോലും ഭയന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വളര്‍ന്ന കാട്ടുപൂക്കള്‍ ഏതോ മനോഹരമായ ഒരുദ്യാനത്തിന്റെ ഓര്‍മ്മകളുണര്‍ത്തിവിട്ടു. ഒടുവില്‍ സര്‍വജ്ഞപീടമെത്തിയപ്പോള്‍ ആ പുണ്യഭൂമി ഒന്നുതൊട്ട് നമസ്കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മഹാത്മാവേ, നിന്റെ പാദതാരില്‍ അമര്‍ന്നൊരീമണ്ണ് ഞങ്ങളുടെ കാല്പാദങ്ങള്‍ക്ക് വിശുദ്ധമായ ആശ്ലേഷനങ്ങള്‍ നല്കിടട്ടെ.
ആഗ്രഹങ്ങള്‍ തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കുക അല്പം ബുദ്ധിമുട്ടുതന്നെ. അത് സര്‍വജ്ഞപീടം കൊണ്ടു തീരുന്നില്ല. സര്‍വജ്ഞപീടം കഴിഞ്ഞാല്‍ ചിത്രമൂല. കിഴുക്കാംതൂക്കായ പ്രദേശം. കൊക്കയുടെ ഭീതിജനിപ്പിക്കുന്ന മഞ്ഞും ആളെ കശക്കിയെറിയുന്ന കാറ്റും ഇവിടെ. വെള്ളമൊഴുകി തെളിഞ്ഞ പാതയിലൂടെ നടക്കുമ്പോള്‍ പെയ്തിറങ്ങാനിരിക്കുന്ന മഴയെപ്പറ്റി തെല്ലു ഭയത്തോടെതന്നെ ഞാന്‍ ചിന്തിച്ചു. തകര്‍ത്തുപെയ്യുന്ന മഴയില്‍ ഈ പാതകള്‍ ഇവിടെയുണ്ടാകണമെന്നില്ല. ഈ ഇറക്കങ്ങള്‍ കാലുറക്കാത്ത കയറ്റങ്ങളായി പരിണമിക്കാം. രൗദ്രഭാവമണിയുന്ന മാരുതന്‍ ഒരുവേള ഈ കൊക്കയിലേക്ക് എന്നെ ചുഴറ്റിയെറിഞ്ഞേക്കാം. അവിടെ ഞാനിന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു പ്രക്രുതിയില്‍ സര്‍വ്വം നഷ്ടമായേക്കാം. പാടില്ല. ഭയം കാലിനു വിറയലേ നല്‍കൂ. വേണ്ടതു ധൈര്യമാണ്. എന്നെ താങ്ങാന്‍ കെല്പില്ലാത്ത പുല്‍ത്തുരുമ്പില്‍ പിടിക്കുമ്പോഴും കാലിടറാത്തതിനു കാരണമീയാത്മധൈര്യം മാത്രമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനും പരിസമാപ്തിയായി. ഇനിയങ്ങോട്ടു കാട്ടുവഴികളില്ല. കാടിവിടെ അവസാനിക്കുകയല്ല. പക്ഷേ കാട്ടുവഴികള്‍ക്കറുതിയായി. ചെങ്കുത്തായ് കിടക്കുന്ന ഈ പ്രദേശവും അതിന്റെ മുഖാവരണമായ ഉയര്‍ന്ന പാറക്കെട്ടും ഇനി കണ്ടുനില്‍ക്കാം. ഈ പാറക്കെട്ടിനുള്ളില്‍ പ്രക്രുതിയുടെ മര്‍മ്മരങ്ങളാസ്വദിച്ച്, പാറയിലൂടൂറിവരുന്ന തെളിനീരും കുടിച്ച് കഴിയുന്ന നാട്ടുകാരിയോടെനിക്കു തോന്നിയ വികാരം അസൂയയാവാനിടയില്ല. ധ്യാനത്തിന്റെ പടവുകളിറങ്ങി ശാന്തതയുടെ തെളിനീര്‍ തടാകത്തിലേക്കൊരു യാത്ര.
ഇനി തിരിച്ചുനടക്കലാണ്. എളുപ്പമായതത്രയും വിഷമമാക്കുന്ന തിരിച്ചുനടക്കല്‍!
* s5- ട്രിപ്പിന്റെ ഓര്‍മ്മക്കുറിപ്പ്.
Friday, October 19, 2007
Subscribe to:
Post Comments (Atom)
1 comment:
“ഇലകളഴുകിയും കാനന മഴയില്‍ കുതിര്‍ന്നും വളഞ്ഞുപുളഞ്ഞു പോകുന്ന വീഥി. ഇത്ര വിശാലമായ ഒരു വഴി കാടിനുനടുവില്‍ വെട്ടിയ ആള്‍ - അതാരായാലും മനസ്സൊന്നു പിടഞ്ഞു കാണും. കടപുഴകിവീഴുന്ന വ്രുക്ഷങ്ങളില്‍ ഇന്നലെകളുടെ സ്വപ്നങ്ങളത്രയും തൂവല്‍ കൊഴിക്കുകയാണല്ലോ. അവിടെയെല്ലാം അനാഥത്തിന്റെയും നഷ്ടബോധത്തിന്റെയും നിലവിളികള്‍ ഉണര്‍ന്നിരിക്കണം.”
സുഹൃത്തേ...
ഓര്‍മ്മക്കുറിപ്പ് അഥവാ ഈ യാത്രാവിവരണം ഏറെ ഹൃദ്യമായി എന്ന് തുറന്നു പറയട്ടെ...
ആശംസകള്‍...
:)
Post a Comment