Tuesday, November 13, 2007

വിഷക്കാറ്റ്*

പിറന്നുവീണന്നു ഞാനാദ്യമായ് ശ്വസിച്ചത്
എന്‍ഡോസള്‍ഫാന്‍ കലര്‍ന്ന വിഷവാതകം.
എന്റെ ശ്വാസകോശങ്ങളിലിടതേടിവന്നതോ
ഒരായിരം രോഗബീജങ്ങള്‍!

റൗണ്ടപ്പ് വാം അപ്പ് ചെയ്യും നിലങ്ങളില്‍
‍ഉന്തിയ വയറുമായ് ഞാന്‍ ശയിച്ചു.
എന്റെ ഭീമമാം ശിരസ്സതുകണ്ടുനടുന്നോര്‍ക്ക്
നേര്‍ത്ത ഞരക്കങ്ങളല്ലേ ശേഷമിരിപ്പൂ.

മ്യൂസിയം പീസെന്നു ചൊല്ലിയൊരു വിദ്വാന്‍
മൂന്നടി നടപ്പാന്‍ കഴിയാതെ കേണു ഞാന്‍.
പദയാത്രകളെത്രയോ തുടങ്ങിയീനാട്ടില്‍
‍കാലടികളിലൊരു രോഗാണുപോലും ഞെരിഞ്ഞതില്ലല്ലോ!

കശുമാവതില്‍നിന്നാര്‍ക്കോ കാശുവാരാന്‍
‍എന്നെപ്പോലെത്രപേര്‍ ജനിച്ചുവീണു.
നാഗസാക്കിയില്‍ ആദ്യഫലം വന്ന വിഷമാണ്
കളയതുസര്‍വ്വം കരിഞ്ഞുപോകും
ഒരായിരം കളകള്‍ക്കിടെ-
യൊരു ജീവന്‍ പൊലിഞ്ഞാല്‍ ഗണിക്കേണ്ടപോലും!

ഞാനിന്നു ശാസ്ത്രത്തിന്‍ വ്യവസായശാല
ആയിരം പരീക്ഷണങ്ങള്‍ക്കു വിളനിലം.
അഴുകില്ലെന്‍ ജഡം ഭൂമിതന്‍ മാറില്‍
‍അറിയുക ഞാന്‍ അണ്വായുധവാഹക.
ആയിരം വര്‍ഷങ്ങളീമണ്ണിന്‍ ശാപമായ്
മോക്ഷയാനം കാണാതുഴലുന്നു ഞാന്‍.
(2004)


*മാതൃഭൂമി ആഴ്ചപതിപ്പില്‍ കാസര്‍ക്കോഡിലെ കശുവണ്ടിനിലങ്ങളിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെക്കുറിച്ച് വന്ന ഒരു ലേഖനം ആധാരമാക്കി എഴുതിയത്

2 comments:

chithrakaran ചിത്രകാരന്‍ said...

നന്നായിരിക്കുന്നു. നമ്മേസ്പര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ചുതന്നെയാണ് നാം പാടേണ്ടതും പറയേണ്ടതും.
ആശംസകള്‍.

Tripodyssey said...

നന്ദിയുണ്ട് ചിത്രകാരാ, പിന്നെ നിങ്ങളുടെ പെയ്ന്റിംഗ് ബ്ലോഗ് ഒരു നല്ല വിരുന്നായി എന്നും കൂട്ടിച്ചേര്‍ക്കട്ടെ...