Saturday, November 17, 2007

ഗ്രാമങ്ങള്‍ ഇല്ലാതാകുമ്പോള്‍

ഒരു വര്‍ഷത്തിനപ്പുറമാണ് അമ്മാവന്റെ വീട്ടിലേക്കു വീണ്ടും പോയത്. മലനിരകള്‍ക്കിടയിലുറങ്ങുന്ന ഒരു കുഗ്രാമത്തിലേക്ക്. മഴ അങ്ങനെ ഇടവിട്ടിടവിട്ടുപെയ്യുന്നതുകൊണ്ട് പാറകള്‍ക്കിടയില്‍ ‍നിന്നുപൊട്ടിയൊലിച്ചുണ്ടാകുന്ന വെള്ളച്ചാട്ടങ്ങള്‍ വഴിനീളെ കാണാം. ബസു വളവുതിരിഞ്ഞ് മലകയറിത്തുടങ്ങിയപ്പോഴേക്കും മഞ്ഞു വന്നു വീണു വഴി മൂടിത്തുടങ്ങിയിരുന്നു. ചെവികള്‍ കൊട്ടിയടക്കാനും. തിരിച്ചു ഓഫീസിലെത്തുമ്പോള്‍ അവിടുള്ളോരെ കാണിക്കണം എന്ന അത്യാഗ്രഹത്തോടെ ഞാന്‍ കൂടെയെടുത്തിരുന്ന ക്യാമറയില്‍ അങ്ങനെ തിരുപ്പിടിപ്പിച്ചുകൊണ്ടിരുന്നു. ഫോട്ടോസ് എടുക്കണോ വേണ്ടയോ എന്ന സംശയത്തോടെ.

എന്റെ കുട്ടിക്കാലത്ത് ഈ ബസ് യാത്രകളൊക്കെ (ബസ് ഒരപൂര്‍വ്വ വസ്തുവായിരുന്നെങ്കില്‍ കൂടി) ഒത്തിരി സന്തോഷത്തിന്റേതായിരുന്നു. തെങ്ങും റമ്പറും അടയ്ക്കയുമൊക്കെ നല്ല ആദായമുള്ള വിളകളായതുകൊണ്ടും മണ്ണില്‍ പണിയെടുക്കുന്നത് ഒരാവേശമായ് മനസ്സില്‍ സൂക്ഷിക്കുന്ന നാട്ടുകാരായതുകൊണ്ടും എവിടെയും നിറഞ്ഞ സമൃദ്ധിയായിരുന്നു. ഇല്ലാത്തവരുമായ് പങ്കുവെയ്ക്കാന്‍ മനസ്സുള്ളവരും.... പുഴയും ഈ മലനിരകളും....

ഇന്നത്തെ കാഴ്ച വളരെ വിചിത്രമായിരിക്കുന്നു. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ഒരാള്‍ പോലുമില്ല. നാക്കടച്ചും കൂമ്പുചീഞ്ഞുമെല്ലാം തെങ്ങും കമുകുമൊക്കെ നശിച്ചു. കനത്ത മഴ കാരണം ഒരു വര്‍ഷത്തെ അദ്ധ്വാനം മുഴുവന്‍ വെരുതെ. പറമ്പില്‍ പണിയെടുക്കാന്‍ ആരെയും കിട്ടാനില്ല. ആരെയെങ്കിലും കിട്ടിയാല്‍ തന്നെ അവര്‍ക്കു കൂലി കൊടുക്കാന്‍ നിവര്‍ത്തിയില്ല. ആയുസ്സിന്റെ മുക്കാല്‍ പങ്കും എല്ലുമുറിയെ പണിയെടുത്ത് ആരോഗ്യം നശിച്ച വൃദ്ധര്‍ മാത്രം - ഗ്രാമം തകരുന്നതു കാണാന്‍. പഠിച്ചു വലുതായാല്‍ മക്കള്‍ സംരക്ഷിക്കുമെന്ന മിഥ്യാധാരണയില്‍ സ്വയം ഉണ്ണാനും ഉറങ്ങാനും മറന്നു പണിയെടുത്തുകൊടുത്തവര്‍ ഇനിയീ പ്രായത്തില്‍ പറമ്പിലിറങ്ങി എങ്ങനെ പണിയെടുക്കുമെന്ന വലിയ സമസ്യക്കുമുന്നില്‍! അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ഇടിഞ്ഞുവീഴാറായ വീടുകള്‍! ഒരു കാലത്തെ പ്രതാപത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍! കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന വലിയ തോട്ടങ്ങള്‍!

മലകയറിത്തുടങ്ങിയപ്പോഴാണ് ഞാനൊരാഗ്രഹം അമ്മയോടു പറഞ്ഞത് - എനിക്കിവിടെ കുറച്ചു സ്ഥലം വാങ്ങണം - അമ്മയുടെ മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. "ഇവിടങ്ങളിലൊന്നും വേണ്ട. ഈ ഗ്രാമങ്ങള്‍ക്കു വെളിയിലെവിടെയെങ്കിലും മതി." ആ കണ്ണുകളിലെ നടുക്കം ഒരായുസ്സിന്റെ കഥ പറയുന്നതായിരുന്നു. ഒരു വലിയ കുടിയേറ്റ ചരിത്രം ഓര്‍മ്മകളിലെവിടെയോ മുങ്ങിപ്പോയതുപോലെ. "എല്ലാവരും വിറ്റുപെറുക്കി എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ കൊതിക്കുന്നു. നീയെന്തിനിവിടെ" എന്ന ചോദ്യത്തിന് എനിക്കുത്തരമില്ലാതെ പോയി. തിരികേ മലയിറങ്ങുമ്പോള്‍ എന്റെ ക്യാമറയെക്കുറിച്ച് ഞാന്‍ ചിന്തിച്ചതേയില്ല. ബസിന്റെ താഴ്ത്തിയിട്ട ഷട്ടറുകള്‍ക്കപ്പുറത്ത് മഴ തകര്‍ത്തുപെയ്യുന്നു. ഈ ഗ്രാമങ്ങള്‍ക്ക് - നിറഞ്ഞുപെയ്യുന്ന മഴയ്ക്കപ്പുറം ഇനിയൊരു സമൃദ്ധിയും ബാക്കിയില്ല.

2 comments:

മൂര്‍ത്തി said...

കാലം മാറുന്നു..കഥ മാറുന്നു..നാമും മാറുന്നു..

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല തലകെട്ട്. ഇപ്പോള്‍ ഞാന്‍ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്നും വരുന്നു എന്ന് പരിചയപെടുത്താന്‍ ഇഷ്ടപെടുന്ന എത്ര പേരുണ്ടാവും?