Tuesday, December 30, 2008

നീല ശലഭങ്ങളുടെ താഴ്വര....

The valley of blue butterflies......
എത്ര നാളായി പറയുന്നെന്നോ കോഴിപ്പാറയില്‍ പോകാമെന്ന്.... ഈ ക്രിസ്തുമസിനാണ് ഒടുവില്‍ എല്ലാവരും സമ്മതിച്ചത്... ഏകദേശം പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടുമൊരു ഫാമിലി ട്രിപ്പ്... രാവിലെ തന്നെ കപ്പബിരിയാണി ഒക്കെ കഴിച്ച് എല്ലാവരും റെഡി....വീട്ടില്‍ അംഗസംഖ്യ തീരെ കുറവായതുകൊണ്ട് ജീപ്പില്‍ കഷ്ടിച്ച് കേറാനൊത്തു... പണ്ടെല്ലാരും കൂടി ഖൂറാന്‍പുഴക്കൊരു ട്രിപ്പു പോയതോര്‍മ്മയുണ്ട്...കുറെ കയങ്ങളും വെള്ളച്ചാട്ടവുമൊക്കെ ഉണ്ടായിരുന്നു എന്നരോര്‍മ്മ ഇപ്പോഴും ഉണ്ട്....ഇടയ്ക്കു വച്ചാണ് രണ്ടു സ്ഥലങ്ങളും ഒന്നാണെന്ന് ഏട്ടന്‍ പറഞ്ഞത്... വണ്ടിയും വള്ളവുമൊക്കെ ആയപ്പോ സ്ഥലപ്പേരും അങ്ങു പരിഷ്കരിച്ചു... മല കയറി മുകളിലെത്തിയപ്പോ നിരനിരയായി ബൈക്കുകളും കാറുകളും തന്നെ.... ഫോറസ്റ്റ് ഗാര്‍ഡുകളോ വേറെ റെസ്ട്രിക്ഷന്‍സോ ഒന്നുമില്ലാത്തതിനാല്‍ ഇഷ്ടം പോലെ കുടിക്കാനും മറ്റുമായി വന്ന കുട്ടികളാണധികവും... അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇഷ്ടം പോലെ... പുഴ, ഇന്നും മനോഹരി തന്നെ...പിന്നെ, തീരെ പ്രതീക്ഷിക്കാതിരുന്നതെങ്കിലും ഈ സുന്ദരകാഴ്ചയും....

Monday, December 15, 2008

കാര്‍ത്തിക വിരിയും നേരം.....

ഇത് എന്റെ ജാലകകാഴ്ച.... നെയ്യിനൊപ്പം ഈ മണ്‍ചെരാതുകളില്‍ ജീവനായലിയുന്നത് ഭക്തിയുടെ കിരണങ്ങള്‍.... തെളിഞ്ഞുകത്തുന്ന നിലവിളക്കുകളും ഈ ചെറിയൊരമ്പലവും ഒരുക്കുന്ന ശാന്തസൗന്ദര്യം.... ജാലകത്തിലൂടെ എന്റെ സന്ധ്യാവന്ദനം...........





Thursday, December 4, 2008

കടല്‍ക്കാറ്റിന്റെയീണം......

ഏത്തായി കടപ്പുറത്തുനിന്നും...

ഒരുപാടു തവണ പ്ലാന്‍ ചെയ്തിട്ടും ഇപ്പോഴാണ് കൂട്ടുകാരിയുടെ വീടു വരെ പോകാനൊത്തത്... ഇതുവരെയും അധികമാരുമൊന്നും അറിഞ്ഞിട്ടില്ലാത്തതിനാല്‍ ചാരിത്ര്യശുദ്ധി നഷ്ടപ്പെടാത്ത കടല്‍ത്തീരം.... കള്ളുകുടിയും ചൂതാട്ടവും അനുബന്ധവിനോദങ്ങളുമൊക്കെ പുറമെക്കാര്‍ കൊണ്ടുവരാനിരിക്കുന്നെയുള്ളൂ... അതുകൊണ്ട് നല്ലോണം ഇരുട്ടാവണ വരെ അവിടിരുന്ന് ഓരോരോ കഥകളു പറയാനൊത്തു.... പറ്റിച്ചതുപക്ഷേ സൂര്യനാണ്... സൂര്യാസ്തമനം കണ്ടിട്ടു പോകാമെന്നു കരുതിയിരുന്നപ്പോ പുള്ളി കാര്‍മേഘങ്ങളുടെ പിന്നിലൊളിച്ചു കടന്നുകളഞ്ഞു.... ഇനിയൊരു വട്ടം കൂടി വന്നിട്ടുവേണം കക്ഷിയെ പിടികൂടാന്‍....

Thursday, November 27, 2008

ജാലക കാഴ്ച.....

നര കൂടിവരണതോര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ജന്മദിനം കൂടി.... ഒരുപാടകലങ്ങളിലായിപ്പോകുന്നവരും ഓര്‍ക്കുകയും വിളിക്കുകയുമൊക്കെ ചെയ്യുമ്പോ ഇത്തിരി നരച്ചാലെന്താ ല്ലേ?

Friday, October 24, 2008

വൈവിധ്യങ്ങളുടെ വൈകുന്നേരങ്ങളിലേക്ക്....

വെറുത ബോറടിച്ചിരുന്ന ഒരു ഞായറാഴ്ചയാണ് ജൂതത്തെരുവ് ഒന്നുകൂടെ കാണാന്‍ പോയെങ്കിലെന്നു തോന്നിയത്...
പഴമയും പ്രൗഡിയുമുള്ള ഒരു കാലഘട്ടത്തിലേക്ക്...

വിന്‍ഡോ ഷോപ്പിങ്ങില്‍ മാത്രം ഒതുങ്ങിപ്പോയ വര്‍ണ്ണ കാഴ്ചകളിലേക്ക്.......

പിന്നെ, ആര്‍ട്ട് കഫേയിലെ കൊതിയൂറുന്ന ചോക്ലേറ്റ് കേക്കും........

Thursday, October 16, 2008

Nature

കാത്തിരിക്കാന്‍ തുടങ്ങിയിട്ടെത്ര നേരായ്.......
ഉം....കൂട്ടുകാരന്‍ വരണുണ്ട്....

Tuesday, October 7, 2008

ഒരിക്കല്‍ക്കൂടിയീ ഓര്‍മ്മകളിലേക്ക്.....

ഓര്‍മ്മകളുടെ വസന്തങ്ങളിലേക്കൊരു മടക്കയാത്ര...ഒരു പനിച്ചൂടില്‍ ഈ കുളിരിലേക്ക് വന്നിറങ്ങിയത് ഇന്നലെകളിലെന്നോ... അന്നീ മലഞ്ചെരുവുകളില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു തുടങ്ങിയിരുന്നു.... വര്‍ഷങ്ങള്‍ക്കപ്പുറം തിരികെ വരുമ്പോള്‍ പഴയ സൗഹ്രുദങ്ങളുടെ ഓര്‍മ്മകളും കൂടെ...



സമര്‍പ്പണം: കൊഴിഞ്ഞുപോയ നല്ല വര്‍ഷങ്ങളിലെ ഓരോ സുഹ്രുത്തിനും, വീണ്ടുമൊരു യാത്രക്കു ക്ഷണിച്ച നിതയ്ക്കും....


Sunday, September 7, 2008

പറയാതെ പോകുന്നവയില്‍നിന്ന്......


ഇനിയും വരാതിരിക്കുക
വിരഹമെന്തെന്നെന്നെ ഓര്‍മ്മിപ്പിക്കുവാന്‍
അകലുവാനായ് ഇനിയുമൊരാളുംസുഹൃത്തായ് വരാതിരിക്കുക
എന്റെ മനസ്സിന്റെ ഇടനാഴിയിലേക്ക്
കൈപിടിച്ചാരുമിറങ്ങരുത്
നിങ്ങളുടെ ദു:ഖങ്ങളെനിക്കു വേണ്ട
നിഴലായെന്നെ നടത്താതിരിക്കുക
മഴക്കാലങ്ങളില്‍ പിരിഞ്ഞുപോവാന്‍
‍വേനലില്‍ തണലായ് വരരുത്
ഓരോ വിരഹത്തിലും മുറിയുന്ന ഹൃദയത്തില്‍
ലേപനം കൊണ്ടാരും വരരുത്
എന്റെ വഴികള്‍ ഏകാന്തമാണ്
ഓര്‍മ്മയുടെ ഒരിതള്‍ പോലുമവിടെ വേണ്ട

എന്റെ വാതിലില്‍ വന്നിനിയെന്നെ വിളിക്കരുത്
ഞാന്‍ - ഞാനൊന്നു മറക്കാന്‍ ശ്രമിക്കട്ടെ.
-----------------------------
നിനക്ക് -
ഞാനൊരിക്കലും നീയെന്നു വിളിച്ചിട്ടില്ലെങ്കിലും.
ഓര്‍മ്മിക്കുവാന്‍ ഒന്നുമില്ലെങ്കിലും
മറക്കാതിരിക്കുമെന്നുറപ്പുള്ള ശാന്തസൗഹൃദത്തിന്
അകന്നുപോകുന്നുവെങ്കിലും
അന്യയായ് മാറാത്തതിന്
വിരഹമഴയില്‍ നിന്ന്
സ്നേഹത്തണലിലെ ചെറുകൂട്ടിലേക്ക്
പ്രിയപ്പെട്ട കൂട്ടുകാരീ,
വീണ്ടും ഒറ്റയ്ക്കായ് പോകുന്നവളുടെ യാത്രാമൊഴി....
-------------------------------------
നിന്റെ ഓര്‍മ്മ എനിക്കു വേദനയാണ്
ഒരിക്കലും മറക്കാനാവില്ലെങ്കിലും
ഇനിയൊരിക്കലും ഓര്‍ക്കാതിരിക്കാന്‍ നീ ശ്രമിക്കുമ്പോള്‍....

നിന്റെ വിരഹം കൊണ്ടു ഞാനെന്നെ അളന്നു
സ്നേഹത്തിന്റെ ഉഴവുചാലില്‍നിന്നും എന്നെ പറിച്ചെടുത്തേക്കൂ
അതൊരിക്കലും മുളപൊട്ടി വളരാതിരിക്കട്ടെ!

നിന്റെ വേദനകളെനിക്കുതരൂ
മറവിയുടെ മണല്‍പരപ്പിലതു മറയട്ടെ
സൗഹൃദത്തിന്റെ തണലതിനെ തലോടാതിരിക്കട്ടെ

നിന്നെ ഞാനറിയുന്നു
നിന്റെ ഹൃദയത്തിന്റെ മിടിപ്പും
കണ്ണീരിന്റെ നനവും.
സ്വപ്നങ്ങളുടെ വിശാലസ്വര്‍ഗ്ഗങ്ങളില്‍
കനവുകളുടെ കരിയിലകളും കരടും പടരാതിരിക്കാന്‍
'ഫേവര്‍ ബാങ്കി'ലെ നിക്ഷേപങ്ങളില്‍ നിന്നും
നിനക്കെന്നും കടമെടുക്കാം
കണക്കുകളെല്ലാം നമ്മള്‍ മനസ്സുകള്‍ കൊണ്ടളക്കുന്നതല്ലേ....

Monday, August 18, 2008

കാത്തിരിപ്പ് ....

വലയൊരുങ്ങി....കുശലം പറയാന്‍ ആരേലും ഈ വഴി വരണുണ്ടോ???



Wednesday, August 6, 2008

ദൈവങ്ങളെ കാണാന്‍ ഇറങ്ങിയപ്പോ....


എന്റെ ആദ്യത്തെ തെയ്യക്കാഴ്ച...

Tuesday, August 5, 2008

കാട്ടുപൂവ്....

പുഴയോരത്തുനിന്നും....

Friday, July 18, 2008

കൂട്ട്...



സമയം കിട്ടിയിട്ടു സംസാരിക്കാനിരുന്നാല്‍ നാമിനിയൊന്നും പറയുന്നുണ്ടാവില്ല.... അതുകൊണ്ടാണല്ലോ എന്റെ ഉറക്കത്തില്‍നിന്നും നിന്റെ ഉണര്‍വില്‍നിന്നും നമ്മള്‍ കടമെടുത്തുകൊണ്ടിരിക്കുന്നത്. ... ഒരു കടല്‍ക്ഷോഭത്തിനപ്പുറവും കൂട്ടായ് വരാനായ്....

Friday, July 4, 2008

വെള്ളിനക്ഷത്രങ്ങള്‍....


പെയ്തൊഴിഞ്ഞു പോകുന്ന മഴക്കാലങ്ങളില്‍, ഒരു തളര്‍ച്ചയായ് വന്നെന്നെ പൊതിയുന്ന മരണത്തെ ഞാനറിയുന്നു. ജീവിതത്തിന്റെ കണ്ണാടിയില്‍നിന്നും ഓരോ മുഖങ്ങളും മെല്ലെ മങ്ങിമറഞ്ഞുപോകുന്നതും. അലയുന്നതും അലിഞ്ഞില്ലാതാവുന്നതും എന്റെ ഓര്‍മ്മകള്‍ മാത്രമല്ലല്ലോ. പിന്‍വിളിക്ക് വഴിതരാതെ ഒരൊളിച്ചുകളിക്കപ്പുറം ഇല്ലാതായിത്തീരുന്ന 'മായ' ഒരു മുറിവായ് അവശേഷിക്കുമെങ്കിലും.......

Sunday, June 22, 2008

എന്റെ സ്വപ്നങ്ങളില്‍ നിന്ന്.....

പനിയുടെ ഉഷ്ണക്കിടക്കയില്‍
എന്റെ കാഴ്ചയാവുന്നതിന്, കേള്‍വിയാകുന്നതിന്,
സ്വരമാവുന്നതിന് നന്ദി.

എന്റെ ഉണര്‍വിന്റെ താളമാവുന്നതിന്
മുറിവുകളിലെ നനുത്ത ചുംബനങ്ങള്‍ക്ക്
വിരലുകളിലെ സംഗീതത്തിന്
സ്വപ്നങ്ങളിലെ ഗന്ധര്‍വ്വാ നിനക്കു നന്ദി.

ഒഴുകാന്‍ മറന്നെന്റെ ഒപ്പമാവുന്നതിന്
ഇഴയുന്ന കാലടികളിലെ വേഗമാവുന്നതിന്
അണയാതിരിക്കാനെന്‍ തണലായ് അലിയുന്നതിന്
ആയുസ്സിന്‍ പ്രിയ മിത്രമേ, നന്ദി.

നിനക്കുവേണ്ടി പണിതതല്ലെങ്കിലും
നിനക്കു പാര്‍ക്കാന്‍ ഒരു കല്‍ത്തളം ഞാന്‍ തരാം
നിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുകള്‍ നല്കാം
ഓര്‍മ്മകളിലെ വസന്തങ്ങളിലേക്കു കുളിരും.

നിനക്കുവേണ്ടി കൊഴിഞ്ഞതല്ലെങ്കിലും
നിന്റെ വഴികളിലീയിതളുകള്‍ ഞാന്‍ വിതറാം
നിന്റെ നിലാവിന്റെ കരയിരുളുമ്പോള്‍
നിനക്കു നിലാവായ് വരാം.
നിന്റെ മഴകളകന്നുപോകുമ്പോള്‍
നിനക്കായ് പെയ്തിറങ്ങാം.

നിന്റെ സ്വരമായ്, താളമായ്, ലയമായ്
നിന്റെ ഞാനായ് വരാം.


Monday, May 19, 2008

ചേല.....

എന്റെ വസന്തങ്ങളിലേക്കാണ് നീ പടര്‍ന്നു കയറുന്നത്. എന്റെ യൗവനത്തിന്റെ നീരാണ് നിന്റെ ജീവന്‍. ഗാഡമായ ആശ്ലേഷനങ്ങളിലൂടെ നീ കവര്‍ന്നെടുക്കുന്നത് എന്റെ നിലനില്പ്പിനെയാണ്. എന്റെ തണലുകളില്‍ നിന്ന് കിളിക്കൂടുകളൊഴിയുന്നത് നീയറിയുന്നതേയില്ല. ഒരു വിരഹവേദനയും നിന്നെ സ്പര്‍ശിക്കാതെ പോകുന്നു. നീ - നീ മാത്രമായ് ചുരുങ്ങുമ്പോള്‍, ഭാവിയിലേക്ക് ഒരു തണലുകൂടി നഷ്ടം.

Wednesday, May 14, 2008

സമര്‍പ്പണം

ഉഷ്ണകാലങ്ങളിലായിരുന്നു എന്നുമെനിക്കു പനി

കാലം തെറ്റിവന്ന പനിച്ചൂടിലും എനിക്കു കുളിരുന്നത് - നിന്റെ പ്രണയമോ?


നിന്റെ പ്രണയത്തിനെന്നും ചുവപ്പു നിറമായിരുന്നു

ഞാന്‍ മറന്നിട്ടും നീ മറക്കാതിരുന്നതിലെ വിപ്ലവം!

ഇനിയൊരാളും വരാനില്ലെന്നുറച്ച

ഒരു വേര്‍പാടിന്റെ സന്ധ്യയിലാണ് നീ മടങ്ങിയെത്തിയത്

നിന്റെ ചിരപരിചിതഭാവത്താല്‍

‍കടപ്പാടുകളുടെ വേദനപോലും നീ മായിച്ചുകളഞ്ഞു


നിന്നെയിന്നും കുത്തിനോവിക്കുന്നതിലെ പ്രണയം

നീയിനിയും അറിയാതെ പോവുമോ?

Saturday, May 10, 2008

...............

മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.

.................................

വെറുതെ....

മഴപെയ്തൊഴിഞ്ഞ രാത്രിയില്‍ തുറന്നു കിടന്ന ജനാലയിലൂടെ ശൂന്യതയുടെ തണുപ്പു മാത്രം അരിച്ചുകയറിയപ്പോള്‍ വേര്‍പാടെന്തെന്നു ഞാനറിഞ്ഞുതുടങ്ങി. നിനക്കു സംസാരിക്കാന്‍ ഞാന്‍ തുറന്നതായിരുന്നു ആ ജനലുകളത്രയും. നിനക്കു സ്വരം നഷ്ടപ്പെട്ടപ്പോള്‍ കാറ്റിലൂടെ വല്ലപ്പോഴും നിന്റെ ഗദ്ഗദങ്ങള്‍ മാത്രം ഒഴുകിയെത്താന്‍ തുടങ്ങി. അവയും നേര്‍ത്തു കുളിരുവറ്റി മറയുന്നതറിഞ്ഞിട്ടും ഞാന്‍ ഉണര്‍ന്നിരിക്കുന്നല്ലോ... സൗഹ്രുദങ്ങളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനാണ് ഞാനിന്നും എന്റെ ജനലുകള്‍ തുറന്നുതന്നെയിടുന്നത്.

Friday, April 25, 2008

ഓര്‍‍മ്മകളിലേക്ക്

എനിക്കു നിന്നോട് വെറുപ്പാണ്...
സ്വപ്നം കാണാന്‍ പഠിപ്പിച്ചൊടുവില്‍
എന്റെ കാഴ്ചയെടുത്തതിന്...
പറക്കാന്‍ പഠിപ്പിച്ചൊടുവില്‍
ചിറകുകള്‍ അരിഞ്ഞെടുത്തതിന്...
എന്റെ സന്തോഷങ്ങളില്‍നിന്നു കടമെടുത്തതിന്...
വേദനകളിലേക്കെഴുതി ചേര്‍ത്തതിന്...
'നിനക്കായ് ഒരായിരം തവണ'-
യെന്നൊരോര്‍മ്മപോലും ഓര്‍മ്മയായതിന്...

ശവകുടീരത്തില്‍ പൂക്കള്‍ വെയ്ക്കാന്‍
‍ഞാനൊറ്റയ്ക്കല്ലെന്നു മാത്രമിന്നറിയുന്നു.

Monday, January 7, 2008

എത്ര വറ്റിയുണങ്ങിയാലും നിന്നെ എനിക്ക് പ്രണയിക്കാതിരിക്കാനാവില്ലല്ലോ....


നീ വര്‍ഷങ്ങളോളം കാത്തുവച്ച് തിരികെ തന്നൊരു പാരമ്പര്യത്തിന്റെ കമ്മലുണ്ടല്ലോ - സ്വര്‍ണ്ണമാണ് പോയതെങ്കില്‍ എത്ര കൊല്ലം കഴിഞ്ഞാലും അവിടെ നിന്നുതന്നെ തിരികെ കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. കാലങ്ങളോളം നിന്റെ മണലില്‍ പൊതിഞ്ഞതു നീ സൂക്ഷിച്ചത് എനിക്കു സമ്മാനിക്കുവാനായിരുന്നല്ലോ. നിന്റെ നന്മയുടെയും ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെയും പ്രതീകം!

ഇന്ന്, ഞാനെത്ര അകലത്തിലായാലും, എന്റെ പാദസരങ്ങളുടെ കിലുക്കം നിന്നിലുണരുന്നില്ലേ?പ്രണയപൂര്‍വ്വം നീ അടര്‍ത്തിയെടുത്ത എന്റെ കൊലുസിന്റെ മണികളും....

നീ ഞാനും ഞാന്‍ നീയുമായി ഒരിക്കലും വേര്‍ത്തിരിച്ചെടുക്കാനാവാതെ ഏതെങ്കിലുമൊരു മണലാരണ്യത്തിലേക്ക് നമുക്കൊളിച്ചോടിയാലോ?